Friday, December 31, 2010

വൈപ്പിന്‍ ബസ് സമരം തനിയേ പൊളിഞ്ഞു.

കേരളത്തില്‍ത്തന്നെ ബസ് തൊഴിലാളികള്‍ക്ക് ഏറ്റവും കൂടുതല്‍ കൂലി ലഭിക്കുന്ന മേഖലയാണ് വൈപ്പിന്‍-പറവൂര്‍. സംഘടനാ നേതാക്കളുമായുള്ള ലേബര്‍ ഓഫീസറുടെ ചര്‍ച്ച ജനുവരി 4 നു വെച്ചിരിക്കെയാണ് ഈ സമരാഭാസം. ഡിസംബറിലില്‍ മാത്രം മൂന്നാം തവണയാണ് ബസ് ഗതാഗതം സ്തംഭിക്കുന്നത്. അതില്‍ അദ്യത്തേതൊഴികെ മറ്റെല്ലാം ദിവസങ്ങളോളം നീണ്ടു നിന്നു. സി.ഐയുമായുള്ള ചര്‍ച്ചയില്‍ എ.ഐ.ടി.യു.സി സംഘടന സമരത്തില്‍ നിന്നു പിന്മാറിയിട്ടും തൊഴിലാളികളെന്നു പറയപ്പെടുന്ന ചിലര്‍, ഓടുന്ന ബസുകളെ തടയുകയും അവയുടെ ചില്ലു തകര്‍ക്കുകയുമൊക്കെ ചെയ്തതിനും പേര് സമരമെന്നു തന്നെ. ഈ ഭീഷണിയെ അതിജീവിച്ച് വണ്ടിയോടിച്ച ബസുടമകളെയും തൊഴിലാളികളേയും സാധാരണജനങ്ങള്‍ക്ക് വേണ്ടി അഭിനന്ദിക്കട്ടെ. പക്ഷെ ഇക്കണ്ട ജനങ്ങളെ മുഴുവന്‍ നോക്കുകുത്തികളാക്കി നിര്‍ത്തി വിരലിലെണ്ണാവുന്ന ഒരു വിഭാഗം അഴിഞ്ഞാടിയപ്പോള്‍, അവര്‍ക്കെതിരെ വിരലു ഞൊടിക്കാന്‍ പോലും കഴിയാതിരുന്ന ഒരു പോലീസ് സേന വൈപ്പിന്‍ കരയ്ക്കാവശ്യമുണ്ടോ? ഇവരുടെ തൊഴിലെന്താണ്? ഹെല്‍മറ്റു പിടിക്കലോ? ഡിസംബര്‍ 31 ന് ഇവര്‍ കര്‍മ്മ നിരതരായരത് മദ്യപിച്ച് വണ്ടിയോടിക്കുന്നവരെ പിടിച്ച് ഫൈനടപ്പിക്കുന്നതിലും. സര്‍ക്കാര്‍ സര്‍വ്വീസ് ഉദാസീനരുടെ സമ്മേളന വേദിയാകുന്ന ദൃശ്യമാണ് വൈപ്പിന്‍ കര എന്നും കണ്ടിട്ടുള്ളത്. കാരണം, 3.5 ലക്ഷം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന 28 കി.മീ റോഡ് ദൈര്‍ഘ്യമുള്ള വൈപ്പിന്‍ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി സമരത്തെ നേരിടാനിറക്കിയത് 10 ബസുകള്‍!!!!

ഇന്നത്തെ പത്രവാര്‍ത്ത വൈപ്പിന്‍ ബസ് സമരം പൊളിഞ്ഞു പാളീസായെന്നാണ്. അതെ. ഇന്ന് വണ്ടികളോടിത്തുടങ്ങി. പക്ഷെ വീണ്ടുമൊരു സമരം എപ്പോള്‍ വേണമെങ്കിലും പ്രതീക്ഷിക്കാം. ബസുകള്‍ക്ക് കല്ലെറിഞ്ഞാല്‍ പൊട്ടുന്ന ചില്ലുകളുള്ളിടത്തോളം സമരങ്ങള്‍ ഒരു പരിധി വരെ വിജയിക്കും. അധികാരി വര്‍ഗം അനങ്ങാപ്പാറകളായി നില്‍ക്കുമ്പോഴും വൈപ്പിന്‍ നിവാസികള്‍ക്ക് മുന്നോട്ട് വെക്കാന്‍ ചില നിര്‍ദ്ദേശങ്ങളുണ്ട്.

ഞാറക്കല്‍ ബസ് സ്റ്റാന്‍ഡ് നിങ്ങള്‍ പ്രാവര്‍ത്തികമാക്കില്ലെന്നറിയാം.
ബസുകളുടെ നഗരപ്രവേശനം നിങ്ങള്‍ സാധ്യമാക്കില്ലെന്നറിയാം.

1) വൈപ്പിന്‍-പറവൂര്‍ ബസ് റൂട്ട് ദേശസാല്‍ക്കരിക്കട്ടെ
2) അല്ലെങ്കില്‍ 1:1 എന്ന അനുപാതത്തില്‍ കൂടുതല്‍ ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ നിരത്തിലിറക്കട്ടെ.
3) ദീര്‍ഘ ദൂര ലിമിറ്റഡ് സ്റ്റോപ്പ്- വോള്‍വോ ബസുകള്‍ വൈപ്പിന്‍ റൂട്ടിലൂടെ ഓടിക്കട്ടെ.
4) ഞാറക്കല്‍ മുതല്‍ എറണാകുളം വരെ ഷട്ടില്‍ സര്‍വ്വീസ് ആരംഭിക്കട്ടെ.

എന്നിട്ട് സമരക്കാര്‍ സമരം ചെയ്യട്ടെ. എത്ര കാലം വേണമെങ്കിലും. ആരും അവരുടെ സമരത്തെ തടസ്സപ്പെടുത്തരുത്.