Friday, December 31, 2010

വൈപ്പിന്‍ ബസ് സമരം തനിയേ പൊളിഞ്ഞു.

കേരളത്തില്‍ത്തന്നെ ബസ് തൊഴിലാളികള്‍ക്ക് ഏറ്റവും കൂടുതല്‍ കൂലി ലഭിക്കുന്ന മേഖലയാണ് വൈപ്പിന്‍-പറവൂര്‍. സംഘടനാ നേതാക്കളുമായുള്ള ലേബര്‍ ഓഫീസറുടെ ചര്‍ച്ച ജനുവരി 4 നു വെച്ചിരിക്കെയാണ് ഈ സമരാഭാസം. ഡിസംബറിലില്‍ മാത്രം മൂന്നാം തവണയാണ് ബസ് ഗതാഗതം സ്തംഭിക്കുന്നത്. അതില്‍ അദ്യത്തേതൊഴികെ മറ്റെല്ലാം ദിവസങ്ങളോളം നീണ്ടു നിന്നു. സി.ഐയുമായുള്ള ചര്‍ച്ചയില്‍ എ.ഐ.ടി.യു.സി സംഘടന സമരത്തില്‍ നിന്നു പിന്മാറിയിട്ടും തൊഴിലാളികളെന്നു പറയപ്പെടുന്ന ചിലര്‍, ഓടുന്ന ബസുകളെ തടയുകയും അവയുടെ ചില്ലു തകര്‍ക്കുകയുമൊക്കെ ചെയ്തതിനും പേര് സമരമെന്നു തന്നെ. ഈ ഭീഷണിയെ അതിജീവിച്ച് വണ്ടിയോടിച്ച ബസുടമകളെയും തൊഴിലാളികളേയും സാധാരണജനങ്ങള്‍ക്ക് വേണ്ടി അഭിനന്ദിക്കട്ടെ. പക്ഷെ ഇക്കണ്ട ജനങ്ങളെ മുഴുവന്‍ നോക്കുകുത്തികളാക്കി നിര്‍ത്തി വിരലിലെണ്ണാവുന്ന ഒരു വിഭാഗം അഴിഞ്ഞാടിയപ്പോള്‍, അവര്‍ക്കെതിരെ വിരലു ഞൊടിക്കാന്‍ പോലും കഴിയാതിരുന്ന ഒരു പോലീസ് സേന വൈപ്പിന്‍ കരയ്ക്കാവശ്യമുണ്ടോ? ഇവരുടെ തൊഴിലെന്താണ്? ഹെല്‍മറ്റു പിടിക്കലോ? ഡിസംബര്‍ 31 ന് ഇവര്‍ കര്‍മ്മ നിരതരായരത് മദ്യപിച്ച് വണ്ടിയോടിക്കുന്നവരെ പിടിച്ച് ഫൈനടപ്പിക്കുന്നതിലും. സര്‍ക്കാര്‍ സര്‍വ്വീസ് ഉദാസീനരുടെ സമ്മേളന വേദിയാകുന്ന ദൃശ്യമാണ് വൈപ്പിന്‍ കര എന്നും കണ്ടിട്ടുള്ളത്. കാരണം, 3.5 ലക്ഷം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന 28 കി.മീ റോഡ് ദൈര്‍ഘ്യമുള്ള വൈപ്പിന്‍ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി സമരത്തെ നേരിടാനിറക്കിയത് 10 ബസുകള്‍!!!!

ഇന്നത്തെ പത്രവാര്‍ത്ത വൈപ്പിന്‍ ബസ് സമരം പൊളിഞ്ഞു പാളീസായെന്നാണ്. അതെ. ഇന്ന് വണ്ടികളോടിത്തുടങ്ങി. പക്ഷെ വീണ്ടുമൊരു സമരം എപ്പോള്‍ വേണമെങ്കിലും പ്രതീക്ഷിക്കാം. ബസുകള്‍ക്ക് കല്ലെറിഞ്ഞാല്‍ പൊട്ടുന്ന ചില്ലുകളുള്ളിടത്തോളം സമരങ്ങള്‍ ഒരു പരിധി വരെ വിജയിക്കും. അധികാരി വര്‍ഗം അനങ്ങാപ്പാറകളായി നില്‍ക്കുമ്പോഴും വൈപ്പിന്‍ നിവാസികള്‍ക്ക് മുന്നോട്ട് വെക്കാന്‍ ചില നിര്‍ദ്ദേശങ്ങളുണ്ട്.

ഞാറക്കല്‍ ബസ് സ്റ്റാന്‍ഡ് നിങ്ങള്‍ പ്രാവര്‍ത്തികമാക്കില്ലെന്നറിയാം.
ബസുകളുടെ നഗരപ്രവേശനം നിങ്ങള്‍ സാധ്യമാക്കില്ലെന്നറിയാം.

1) വൈപ്പിന്‍-പറവൂര്‍ ബസ് റൂട്ട് ദേശസാല്‍ക്കരിക്കട്ടെ
2) അല്ലെങ്കില്‍ 1:1 എന്ന അനുപാതത്തില്‍ കൂടുതല്‍ ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ നിരത്തിലിറക്കട്ടെ.
3) ദീര്‍ഘ ദൂര ലിമിറ്റഡ് സ്റ്റോപ്പ്- വോള്‍വോ ബസുകള്‍ വൈപ്പിന്‍ റൂട്ടിലൂടെ ഓടിക്കട്ടെ.
4) ഞാറക്കല്‍ മുതല്‍ എറണാകുളം വരെ ഷട്ടില്‍ സര്‍വ്വീസ് ആരംഭിക്കട്ടെ.

എന്നിട്ട് സമരക്കാര്‍ സമരം ചെയ്യട്ടെ. എത്ര കാലം വേണമെങ്കിലും. ആരും അവരുടെ സമരത്തെ തടസ്സപ്പെടുത്തരുത്.

4 comments:

Manikandan said...

സാർ പറഞ്ഞതിൽ “വൈപ്പിൻ - പറവൂർ റൂട്ട് ദേശസാൽക്കരണം“ എന്ന ആശയത്തോടൊഴിച്ച് മറ്റെല്ലാക്കാര്യങ്ങളോടും പൂർണ്ണമായും യോജിക്കുന്നു. ഒന്നിലും ആർക്കും കുത്തക പാടില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. കേരളത്തിലെ വിവിധ ദേശസാൽകൃത റൂട്ടുകളിൽ പലതവണ യാത്ര ചെയ്തിട്ടുണ്ട്. അവിടെയെല്ലാം രാവിലെയും വൈകീട്ടും ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ നേരിൽ മനഃസിലാക്കിയിട്ടും ഉണ്ട്. നമ്മുടെ സമീപത്തെ പറവൂർ - ആലുവ, പറവൂർ - ചാത്തനാട് റൂട്ടുകൾ തന്നെ ഉദാഹരണം. രാവിലേയും വൈകീട്ടും ബസ്സിൽ കയറാൻ ഉള്ള കഷ്ടപ്പാട് എത്രയാണ്. എറണാകുളത്തിന് വടക്കോട്ട് സ്വകാര്യ ബസ്സുകളും കെ എസ് ആർ ടി സിയും ഒരു പോലെ സർവ്വീസ് നടത്തുന്ന പല റൂട്ടുകളിലും ഇത്രയും ബുദ്ധിമുട്ടില്ലെന്ന് തോന്നുന്നു. തൃശ്ശൂർ - കൊടുങ്ങല്ലൂർ, തൃശ്ശൂർ - കോഴിക്കോട്, ഗുരുവായൂർ - പാലക്കാട്, കോഴിക്കോട് - കണ്ണൂർ ഇങ്ങനെ എത്ര ഉദാഹരണങ്ങൾ.
ഇത്രയും ചെറിയ വിഭാഗത്തിന്റെ ഭീഷിണിക്ക് മുൻപിൽ പതറാതെ സർവ്വീസ് നടത്തിയ ബസ്സുകളുടെ ഉടമകളും ജീവനക്കാരും തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. ഇത്തരം തൊഴിൽ തർക്കങ്ങളിൽ (ഇവിടെ അങ്ങനെ പറയാമോ എന്ന് ഉറപ്പില്ല) പോലീസ് എന്നും നിഷ്കൃയമായ നിലപാട് തന്നെയാണ് എടുക്കുന്നത്. കെ എസ് ആർ ടി സിയും സ്വകാര്യബസ്സുകളും തുല്ല്യ അനുപാതത്തിൽ സർവ്വീസ് നടത്തുന്നതാണ് നല്ലതെന്ന് ഞാൻ കരുതുന്നു.
ഞാറയ്ക്കൽ ബസ് സ്റ്റാന്റ്, എറണാകുളം ഞാറയ്ക്കൽ ഷട്ടിൽ സർവീസ് എന്നിവ എത്രയോ കാലമായി ഉന്നയിക്കപ്പെടുന്ന ആവശ്യങ്ങളാണ്. ഇരുന്നൂറിലധികം ബസ്സുകൾ സർവ്വീസ് നടത്തുന്ന ഇവിടെ രാത്രി 9:30 ന് ശേഷം ഒരു ബസ്സും സ്ഥിരമായി സർവ്വീസ് നടത്തുന്നില്ല. പറവൂരിൽ നിന്നാകട്ടെ ഒൻപതുമണിയ്ക്ക് മുൻപ് തന്നെ സ്വകാര്യബസ്സുകൾ സർവ്വീസ് അവസാനിപ്പിക്കുന്നു. പിന്നെ ഏക ആശ്രയം രാത്രി 10:30നുള്ള കെ എസ് ആർ ടി സി ഞാറയ്ക്കൽ ബസ്സ് തന്നെ. സർവ്വീസ് സ്ഥിരമായി മുടക്കുന്ന ബസ്സുകൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണം എന്ന ആവശ്യവും ബധികർണ്ണങ്ങളിൽ തന്നെ പതിയ്ക്കുന്നു. മോട്ടോർ വാഹന വകുപ്പും, പോലീസും, ബസ്സുടമകളും തമ്മിലുള്ള അവിശുദ്ധകൂട്ടുകെട്ടിൽ നട്ടം തിരിയുന്നത് പൊതുജനവും.

jayanEvoor said...

ഈ ബസ്സുകാരെ കൊണ്ട് വയ്യ!

എന്തായാലും സമരം പൊളിഞ്ഞല്ലോ, സമാധാനം!

പുതുവത്സരത്തിൽ നന്മകൾ!

2011 മലയാളം ബൂലോകത്തിന് ഉയിർത്തെണീപ്പിന്റെ വർഷമാവട്ടെ!

പുതുവത്സരസംഗമം ജനുവരി 6 ന് കൊച്ചി മറൈൻ ഡ്രൈവിൽ വൈകിട്ട് 4 മുതൽ 8 വരെ. കഴിയുമെങ്കിൽ പങ്കെടുക്കുക!

വിവരങ്ങൾക്ക്
http://jayanevoor1.blogspot.com/

Manikandan said...

അങ്ങനെ പൂർണ്ണമായും സമാധാനിക്കാവുന്ന ഒരു അവസ്ഥയിൽ ആയിട്ടില്ല ഇതുവരെ. ഡെമോക്ലസിന്റെ വാൾ പോലെ ആ ഭീഷിണി ഇപ്പോഴും തലയ്ക്കുമുകളിൽ ഉണ്ട്. നാലാം തീയതിയ്ക്കു ശേഷം മാത്രമേ വ്യക്തമായ ഒരു തീരുമാനം ഉണ്ടാകൂ.

ശ്രീ said...

സമരം ചെയ്യുന്നവര്‍ അതിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിയ്ക്കുന്നവരെ പറ്റി ഓര്‍ക്കാറില്ലല്ലോ.

ഏതു സമയവും സ്വകാര ബസ് പണിമുടക്ക് ഉണ്ടാകാം എന്ന അവസ്ഥയാണ്. (കാരണങ്ങള്‍ എന്തു തന്നെ ആയാലും)


പുതുവത്സരാശംസകള്‍ മാഷേ