Monday, December 11, 2006

സിനിമക്കോട്ടയിലെ അനാവശ്യ ചിരി പ്രകടനങ്ങള്‍....

സിനിമാക്കോട്ടയില്‍.... സീരിയലിണ്റ്റെ മുന്‍പില്‍... സ്വയം മറക്കുന്നവരുണ്ട്‌... അക്കൂട്ടര്‍ നായകനെ വരെ ഉപദേശിക്കും. വരാന്‍ പോകുന്ന കഥാഭാഗങ്ങള്‍ പ്രവചിക്കും. ചുറ്റുമുള്ളവര്‍ ആവശ്യപ്പെട്ടില്ലെങ്കിലും കഥ പറഞ്ഞുതരും. നായകന്‍ ഇടിക്കുന്നതോടൊപ്പം ഇക്കൂട്ടര്‍ ചുറ്റുമുള്ളവരെയും ഇടിച്ച്‌ തെറിപ്പിക്കും.... ഇവര്‍ സ്വയം ആസ്വദിക്കുന്നു. മറ്റുള്ളവരെ ആസ്വദിപ്പിക്കുന്നു(?) ....
ഞായറാഴ്ച്ചയുടെ ആലസ്യം വിട്ടുമാറാന്‍ വേണ്ടിത്തന്നെയായിരുന്നു ഇന്ന്‌ ഒരു സിനിമയ്ക്കിറങ്ങിയത്‌. ഹൌസ്‌ ഫുള്‍ ആകുന്നതിന്‌ മുന്‍പേ ടിക്കറ്റുമെടുത്ത്‌ ഞാന്‍ ഒരു സീറ്റും പിടിച്ചു. സിനിമക്കോട്ടയിലെ പാട്ടിണ്റ്റെ ശബ്ദസൌകുമാര്യത്തില്‍ ലയിക്കുന്നതിന്‌ മുന്‍പെ സിനിമ തുടങ്ങി. കുഴപ്പമില്ലാത്ത സിനിമ ആയിരുന്നു കേട്ടോ.... സിനിമയുടെ ലോകത്ത്‌ ഞാനും ഒരു കഥാപാത്രമായി..... ഇടക്കെപ്പോഴോ ഒരുപാട്‌ ചിരികള്‍ക്കിടയില്‍ നിന്നും വ്യത്യസ്ഥമായ ഒരു ചിരി അവിടമാകെ മുഴങ്ങുന്നത്‌ എനിക്കറിയാന്‍ കഴിഞ്ഞു. ചിരിയല്ല അത്‌, ഒരട്ടഹാസം... ഒരു പുരുഷശബ്ദമാണ്‌. മറ്റുള്ളവര്‍ ചിരിക്കാത്തപ്പോഴും പുള്ളിക്കാരന്‍ ചിരിച്ചു കൊണ്ടിരുന്നതിനാല്‍ കൂട്ടത്തില്‍ നിന്നും ആളെ എളുപ്പം കണ്ടുപിടിക്കാനായി. എണ്റ്റെ തൊട്ടുപിന്നിലെ നിരയില്‍ മോഡേണ്‍ "സാനിയാ കണ്ണട"യും ധരിച്ചിരിക്കുന്ന മാന്യമായി വേഷം ധരിച്ചാരു ചെറുപ്പക്കാരനാണ്‌ കഥാപാത്രം. ആവശ്യത്തിനും അനാവശ്യത്തിനുമൊക്കെ കക്ഷി ചിരി പാസ്സാക്കിക്കൊണ്ടിരുന്നു. എനിക്ക്‌ സിനിമ ശ്രദ്ധിക്കാനേ കഴിഞ്ഞില്ല.
പുള്ളിക്കാരണ്റ്റെ ചിരി എന്നെ മാത്രമല്ല ചുറ്റുവട്ടത്തിരിക്കുന്നവരെയും അസ്വസ്ഥരാക്കുന്നത്‌ എനിക്ക്‌ കാണാന്‍ കഴിഞ്ഞു. പലരും ഈര്‍ഷ്യയോടെ തിരിഞ്ഞുനോക്കി. പക്ഷെ, നമ്മുടെ നായകന്‍ ശ്രദ്ധിക്കുന്നേയില്ല. ആളിപ്പോള്‍ ചിരി മാത്രമല്ല, കമണ്റ്റും പാസ്സാക്കുന്നുണ്ട്‌. ഹാസ്യതാരങ്ങളുടെ കോമഡിക്ക്‌ പോലും 'മണ്ടന്‍..' എന്ന്‌ വിളിച്ചാണ്‌ ഇഷ്ടന്‍ കമണ്റ്റ്‌ പാസ്സാക്കിയത്‌.... ഇടക്ക്‌ നായകന്‌ പോലും അടുത്തതായി എന്ത്‌ ചെയ്യണമെന്ന്‌ പുള്ളി ബുദ്ധിയുപദേശിച്ചു കൊടുത്തു... ഒളിച്ചിരുന്ന്‌ ഇടിക്കാന്‍ വരുന്നവരെപ്പോലും ഇഷ്ടന്‍ നായകനെ വിളിച്ച്‌ കാട്ടിക്കൊടുത്തു. വളരെ നിശബ്ദമായ സന്ദര്‍ഭങ്ങളില്‍ ടൈറ്റില്‍ സോങ്ങ്‌ പാടി പുള്ളി ആവേശഭരിതനായി. ചുറ്റുമിരുന്നവര്‍ക്ക്‌ (എനിക്കും) ദേഷ്യവും ചിരിയും ഒരേ സമയം വരുന്നുണ്ടായിരുന്നു...
ഇണ്റ്റര്‍വെല്‍ സമയത്ത്‌ ഞാന്‍ ആളെ സൂക്ഷിച്ച്‌ നോക്കി. അയാളെ എനിക്കറിയാം... ഒരു മുതിര്‍ന്ന ഗവണ്‍മണ്റ്റ്‌ ഉദ്യോഗസ്ഥനാണ്‌. ആളിപ്പോള്‍ ഒന്നും അറിയാത്ത പോലിരിക്കുകയാണ്‌. ഇത്രയും നേരം ഈ ഒച്ചപ്പാട്‌ മുഴുവന്‍ എടുത്തത്‌ മറ്റാരോ ആണെന്ന്‌ തോന്നും പുള്ളിക്കാരണ്റ്റെ മുഖഭാവം കണ്ടാല്‍..... എല്ലാവരും മറ്റാരെയോ നോക്കുന്ന പോലെ ഒളികണ്ണിട്ട്‌ നമ്മുടെ 'നായകനെ' ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
യഥാര്‍ഥത്തില്‍ സിനിമ ആസ്വദിക്കുന്നത്‌ ഇക്കൂട്ടരാണെന്നതില്‍ സംശയമില്ല. മറ്റാര്‍ക്ക്‌ ശല്യമായാലും അതൊന്നും ഇവര്‍ക്ക്‌ പ്രശ്നമേയല്ല. കാരണം ചുറ്റുപാടും എന്ത്‌ നടക്കുന്നുവെന്ന്‌ ഇവരറിയുന്നില്ല. അവര്‍ സിനിമയുടെ ലോകത്താണ്‌. കൊടുത്ത കാശ്‌ മുതലാകുന്ന തരത്തില്‍ ഒരു 'ടൂറ്‌' പോകുന്നതും ഇവര്‍ തന്നെയാണ്‌. ഇത്തരം ആളുകള്‍ സമൂഹത്തില്‍ വളരെയേറെയൊന്നും ഉണ്ടാവില്ല. അത്‌ ചിലപ്പോള്‍ നൂറില്‍ ഒരാളാകാം... ആയിരത്തില്‍ ഒരാളാകാം. ഇത്‌ ഒരു വ്യക്തി വളര്‍ന്ന സാഹചര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.. വിവിധ ആസ്വാദനശൈലികളുമായി ബന്ധപ്പെട്ടിരിക്കുന്നു... ഇവര്‍ക്ക്‌ ഒരിക്കലും ചുണ്ടില്‍ പ്ളാസ്റ്റര്‍ ഒട്ടിച്ചിരുന്ന്‌ സിനിമ കാണാന്‍ ആകില്ല. ഒപ്പമുള്ളവര്‍ക്ക്‌ ഇത്‌ പലപ്പോഴും സഹിക്കാനും കഴിയില്ല. അതാകാം ഭാര്യയൊ മറ്റ്‌ കൂട്ടുകാരൊ പുള്ളിക്കൊപ്പം ഇല്ലാതിരുന്നത്‌. ഇക്കണക്കിന്‌ അവര്‍ ആരെങ്കിലും കക്ഷിക്ക്‌ ഒപ്പമുണ്ടായിരുന്നെങ്കിലോ ? ദൈവമെ... ഞാന്‍ ഇന്ന്‌ കണികണ്ടയാളെ നാളെയും കണികാണണേ.....

1 comments:

Hari | (Maths) said...

സമര്‍പ്പണം : സിനിമ നേരെ ചൊവ്വേ കാണാന്‍ സാധിക്കാഞ്ഞ പാവം പ്രേക്ഷകര്‍ക്ക്‌