Saturday, December 16, 2006

ക്രിസ്മസ്‌ ട്രീ ലൈറ്റുകളുടെ ചരിത്രം

ക്രിസ്മസ്‌ ഇതാ പടിവാതില്‍ക്കല്‍ എത്തിക്കഴിഞ്ഞു. എല്ലാവരും തന്നെ ഇപ്പോഴേ ക്രിസ്മസ്‌ ട്രീകളും പുല്‍ക്കൂടുമൊക്കെ തയ്യാറാക്കുന്നതിനെക്കുറിച്ച്‌ പദ്ധതികളൊരുക്കിയിട്ടുണ്ടാകും.... എന്താണ്‌ ക്രിസ്മസ്‌ ട്രീ ലൈറ്റുകളുടെ ചരിത്രം..... ചരിത്രത്തേക്കുറിച്ച്‌ തന്നെ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ ഉയര്‍ന്നേക്കാം.... എങ്കിലും ഏതോ പുസ്തകത്തില്‍ വായിച്ച ഇതേപ്പറ്റിയുള്ള ഒരോര്‍മ്മ നമുക്ക്‌ പങ്കുവെക്കാം.....



വളരെ പണ്ട്‌ മുതലേ, എന്നു വെച്ചാല്‍ നൂറ്റാണ്ടുകള്‍ക്ക്‌ മുന്‍പേ, പുതുവര്‍ഷവുമായി ബന്ധപ്പെട്ട്‌ വീടുകള്‍ അലങ്കരിക്കുന്ന ഒരു പതിവ്‌ ഏഷ്യയിലും യൂറോപ്പിലുമൊക്കെ നിലനിന്നിരുന്നു. ചൈനക്കാരും ഹീബ്രുകളും ഈജിപ്ഷ്യരുമെല്ലാം വീടുകളില്‍ ദേവപ്രീതിക്കായി പൂക്കള്‍ കൊണ്ടുള്ള തോരണങ്ങള്‍ ചാര്‍ത്തി പ്രാര്‍ത്ഥന നടത്തിപ്പോന്നു. പുതുവര്‍ഷത്തില്‍ തങ്ങളുടെ വീട്ടില്‍ ചെകുത്താന്റെ ശല്യം ഉണ്ടാകാതിരിക്കാന്‍ കൂടിയായിരുന്നു ഇത്‌. പിന്നീട്‌ ഇവരില്‍ ഭൂരിഭാഗവും ക്രിസ്തുമതം സ്വീകരിച്ചപ്പോഴും ഈ ആചാരങ്ങള്‍ കൈവിട്ടില്ല. ക്രിസ്മസും പുതുവത്സരവും അടുത്തടുത്ത്‌ വരുന്ന സാഹചര്യത്തില്‍ ഈ അലങ്കരണം ബൃഹത്തായി മാറി. പുല്‍ക്കൂടിനൊപ്പം അവര്‍ വീടുകള്‍ മുഴുവന്‍ മരങ്ങളും മരച്ചില്ലകളും കൊണ്ട്‌ അലങ്കരിക്കാന്‍ തുടങ്ങി. ക്രമേണ ഇത്‌ ക്രിസ്തുമതത്തിന്റെ ഭാഗമായ ഒരു ആചാരമായി മാറി.

പടിഞ്ഞാറന്‍ ജര്‍മ്മനിയിലാണത്രെ ആധുനിക രീതിയിലുള്ള ക്രിസ്മസ്‌ ട്രീകള്‍ ഒരുക്കിയത്‌. ആദമിന്റെയും ഹവ്വയുടേയും കഥകള്‍ അനുസ്മരിക്കുന്നതിനായി ഏതന്‍ തോട്ടത്തിന്റെ മാതൃകയില്‍ ആയിരുന്നു ആധുനിക ക്രിസ്മസ്‌ ട്രീകള്‍ ഒരുങ്ങിയത്‌. മരച്ചില്ലകളില്‍ ആപ്പിളുകള്‍ തൂക്കി അവര്‍ ഈ മാതൃക അതേപടി അനുകരിക്കാന്‍ ശ്രമിച്ചു.കൂടാതെ യേശുവിന്റെ സാന്നിധ്യമറിയിക്കാന്‍ മെഴുകുതിരികളും കത്തിച്ചുവെച്ചിരുന്നു. എല്ലാവര്‍ഷവും ഡിസംബര്‍ 24 നു തന്നെയായിരുന്നു ഈ അലങ്കരണ പരിപാടികള്‍...

പതിനെട്ടാം നൂറ്റാണ്ടില്‍ ജര്‍മ്മനിയില്‍ മുഴുവന്‍ ഈ ആചാരത്തിന്‌ പ്രചാരം സിദ്ധിച്ചു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഇംഗ്ളണ്ടിലും ക്രിസ്മസ്‌ ട്രീകള്‍ വ്യാപിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ ക്രിസ്മസ്‌ ട്രീകളില്‍ മെഴുകുതിരികള്‍ കത്തിച്ചുപോന്നു. 1917 ല്‍ ന്യൂയോര്‍ക്കില്‍ ഒരു തീപിടുത്തമുണ്ടായി. ക്രിസ്മസ്‌ ട്രീയിലെ മെഴുകുതിരിയില്‍ നിന്നും പടര്‍ന്ന്‌ പിടിച്ച തീ ഒട്ടേറെ നാശനഷ്ടം വരുത്തി. ഈ അപകടം നേരില്‍ക്കണ്ട ആല്‍ബര്‍ട്ട്‌ സഡക്ക്‌ എന്ന ബാലന്‌ ഈ സംഭവം ഏറെ മാനസിക്‌ വിഷമമുണ്ടാക്കി. സ്പെയിന്‍ കാരായിരുന്ന സഡക്കായുടെ കുടുംബം പാവയില്‍ നിര്‍മ്മിച്ച പക്ഷികളെ ഒരു
കൂട്ടില്‍ ഇട്ട്‌ വൈദ്യുതി ബള്‍ബുകള്‍ കൊണ്ട്‌ അലങ്കരിച്ച്‌ വില്‍പന നടത്തിയാണ്‌ ജീവിച്ചിരുന്നത്‌.

അപകടത്തെക്കുറിച്ചോര്‍ത്ത്‌ ഏറെ ദുഃഖിതനായിരുന്ന സഡക്കായുടെ മനസ്സില്‍ പെട്ടന്നൊരു ബുദ്ധി തെളിഞ്ഞു. " എന്തുകൊണ്ട്‌ ക്രിസ്മസ്‌ ട്രീയില്‍ മെഴുകുതിരിക്ക്‌ പകരം വൈദ്യുതിലൈറ്റുകള്‍ ഉപയോഗിച്ച്‌ കൂടാ ? " തന്റെ ചിന്ത അവന്‍ മാതാപിതാക്കളുമായി പങ്കുവെച്ചു. അവര്‍ക്ക്‌ ആ ആശയം ഏറെ ഇഷ്ടപ്പെട്ടു. കുറച്ച്‌ ബള്‍ബുകള്‍ ഉപയോഗിച്ച്‌ അവര്‍ ക്രിസ്മസ്‌ ട്രീ ലൈറ്റുകള്‍ ഉണ്ടാക്കി. ആദ്യ വര്‍ഷം നൂറില്‍ താഴെ ബള്‍ബുകളേ വിറ്റുപോയുള്ളു. എങ്കിലും ഈ പുതിയ ക്രിസ്മസ്‌ ട്രീ തൊട്ടടുത്ത വര്‍ഷങ്ങളില്‍ വലിയ വിറ്റുവരവ്‌ നടത്തി.


പ്രായ പൂര്‍ത്തിയായ സഡക്കാ ക്രിസ്മസ്‌ ട്രീ നിര്‍മ്മിക്കുന്നതിന്‌ വേണ്ടി മാത്രം ഒരു കമ്പനി തുറന്നു. തുടര്‍ന്ന്‌ ഈ സംരംഭം വ്യാപിക്കുകയായിരുന്നു. കടലും കടന്ന്‌..... മനസ്സുകളില്‍ സ്ഥാനം നേടി.......

2 comments:

Hari | (Maths) said...

ഈ ജനതയുടെ മണ്ണിനേപ്പറ്റി ഒരല്‍പ്പം....

Hari | (Maths) said...

ഒരോര്‍മ്മ നമുക്ക്‌ പങ്കുവെക്കാം.....